header
Welcome to KCBC Official Website
Untitled Document
NEWS
സ്ഥാപനവത്ക്കരിക്കപ്പെടാത്ത കാരുണ്യപ്രവര്‍ത്തനങ്ങള്‍ സഭയും സമൂഹവും ആദരിക്കണം

പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കാരുണ്യ കേരളയാത്രയുടെ സംസ്ഥാനതലനേതൃസമ്മേളനം പിഒസിയില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ ഫാ. വര്‍ഗ്ഗീസ് വളളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തില്‍ സ്ഥാപനവത്ക്കരിക്കപ്പെടാത്ത നിരവധി ജീവകാരുണ്യപ്രവര്‍ത്തന പദ്ധതികളും വ്യക്തികളും ഉണ്ടെന്നും അത് സഭയുടെയും സമൂഹത്തിന്റെയും ആദരവ് അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദൈവാനുഭവത്തിന്റെയും സനാതനമൂല്യങ്ങളുടെയും പരസ്‌നേഹത്താല്‍ പ്രചോദിതരായി നൂറുകണക്കിന് വ്യക്തികളും കുടുംബങ്ങളും ജാതിമതഭേദമെന്യേ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വലിയൊരു മാതൃകയാണ്. സര്‍ക്കാര്‍ സംവിധനങ്ങള്‍ക്ക് എത്തിപ്പെടാനും പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും കഴിയാത്ത മേഖലകളില്‍ കാരുണ്യത്തിന്റെ കൈത്തിരികള്‍ കത്തിക്കുന്നവരെ കണ്ടെത്തി ആദരിക്കാനും കഴിയുന്നതുപോലെ അവര്‍ക്ക് സഹായങ്ങള്‍ എത്തിക്കാനും കാരുണ്യ കേരളയാത്രയിലൂടെ പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അപരന്റെ ആവശ്യങ്ങള്‍ അന്വേഷിക്കാനും അറിയുവാനും അത് മനസ്സിലാക്കി പരിഹരിക്കാനുമുളള അവസരമായി കാരുണ്യവര്‍ഷാചരണം മാറണമെന്നും അദ്ദേഹം പറഞ്ഞു.
കാരുണ്യ കേരളയാത്ര വഴി കാരുണ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുമെന്ന് അദ്ധ്യക്ഷത വഹിച്ച കെസിബിസി പ്രൊലൈഫ് സമിതി ഡയറക്ടര്‍ ഫാ പോള്‍ മാടേശ്ശരി പറഞ്ഞു. കാരുണ്യകേരളയാത്രയുടെ ക്യാപ്റ്റന്‍ ജോര്‍ജ്ജ് എഫ് സേവ്യര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബുജോസ്, പ്രൊലൈഫ് സമിതി ഭാരവാഹികളായ സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എഫ്‌സിസി, ജെയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ പ്രതിഭ എസ് ഡി, യുഗേഷ് പുളിക്കന്‍, സിസ്റ്റര്‍ ഡാനി ജോണ്‍ സിഎംസി, റോണ റിബേറോ, കെ ജെ പീറ്റര്‍, ഡൊമിനിക് ആശ്വാസാലയം, ടോമി മാത്യു തൊടുപുഴ, ജൂഡ്‌സണ്‍ തോപ്പുംപടി തുടങ്ങിയവര്‍ പ്രസംഗിച്ചു.


  NEWS PHOTOS
 
Footer