header
Untitled Document
NEWS
കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകം സംഘടിപ്പിച്ച സിനര്‍ജി - 2016 ത്രിദിന ദേശീയ ശില്പശാല

കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സയും രോഗീസുരക്ഷയും ഉറപ്പുവരുത്താന്‍ കേരളത്തിലെ കത്തോലിക്കാ ആശുപത്രികള്‍ പ്രതിജ്ഞാബദ്ധമാണെന്നും കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കാന്‍ കത്തോലിക്കാ ആശുപത്രികളുടെ നിലനില്പ് അനുപേക്ഷണീയമാണെന്നും കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകം സംഘടിപ്പിച്ച സിനര്‍ജി - 2016 ത്രിദിന ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബിഷപ്പ് ജോസഫ് കാരിക്കാശ്ശേരി വ്യക്തമാക്കി. കേരളത്തിലെ കത്തോലിക്കാ ആശുപത്രികള്‍ ഒരുമിച്ച് മുന്നേറി സാധാരണക്കാരന് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും കേരളത്തിന്റെ ആരോഗ്യനിലവാരം ഉയര്‍ത്തണമെന്നും അധ്യക്ഷപ്രസംഗത്തില്‍ ചായ് നാഷണല്‍ വൈസ് പ്രസിഡന്റും ലിസി ഹോസ്പിറ്റല്‍ ഡയറക്ടറുമായ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ ഓര്‍മ്മിപ്പിച്ചു.
കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, രാജീവ് ഗുപ്ത, ബി.ജി. മേനോന്‍ എന്നിവര്‍ സംസാരിച്ചു. ചായ് കേരള സെക്രട്ടറി ഫാ. ഷൈജു തോപ്പില്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് ഡയറക്ടറും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ട നന്ദിയും പറഞ്ഞു.
മൂന്നുദിവസത്തെ ശില്പശാലയില്‍ ഡോ. സന്‍ജീവ് സിംഗ്, ഡോ. ശശാങ്ക്, നമിത, അപര്‍ണ ദേവഗിരി, നിനദ് ഗാഡ്ഗില്‍, ഡോ. അനൂപ് വാര്യര്‍, സി.എസ്. രാമകൃഷ്ണന്‍, ഹരിദാസ് മേനോന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ക്ലാസ്സുകള്‍ നടത്തുകയും ചെയ്യും.
കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ദൈവമഹത്വവും മനുഷ്യസ്‌നേഹവും പ്രകടമാകുന്നുവെന്ന് കൊച്ചി രൂപതാധ്യക്ഷനും കെസിബിസി സെക്രട്ടറി ജനറലുമായ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. മനുഷ്യസ്‌നേഹത്താല്‍ പ്രേരിതരായി സര്‍ക്കാരിന്റേയോ മറ്റ് ഏജന്‍സികളുടേയോ സഹായങ്ങള്‍ ഒന്നുമില്ലാതെതന്നെ മഹനീയ കാരുണ്യപ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന നൂറു കണക്കിന് വ്യക്തികളും കാരുണ്യ സ്ഥാപനങ്ങളും ജാതി മതഭേദമെന്യേ പ്രവര്‍ത്തിച്ചുവരുന്നത് കേരളത്തിന്റെ സവിശേഷ നന്മയാണ്. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ അപരനെ സ്‌നേഹിച്ചും സഹായിച്ചും സഹകരിച്ചും ദൈവസ്‌നേഹം പ്രകടമാക്കണം. സഹോദരനില്‍ ദൈവത്തെ കാണുവാനാണ് മതങ്ങള്‍ മനുഷ്യരെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി പ്രൊലൈഫ് സമിതി ആവിഷ്‌കരിച്ച കേരള കാരുണ്യ സന്ദേശ തീരദേശയാത്ര ഫോര്‍ട്ട് കൊച്ചി കൊത്തലെംഗോ ചാരിറ്റി സെന്ററില്‍ വച്ച് ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെസിബിസി പ്രൊലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യറിനും ജനറല്‍ കണ്‍വീനര്‍ ബ്രദര്‍ മാവുരൂസ് മാളിയേക്കലിനും ഫ്‌ളാഗ് കൈമാറികൊണ്ട് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചു.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗ്ഗീസ് വളളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെസിബിസി പ്രൊലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി ആമുഖ പ്രസംഗം നടത്തി, ചീഫ് കോ- ഓര്‍ഡിനേറ്റര്‍ സാബുജോസ്, പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, വൈസ് ക്യാപ്റ്റന്‍ അഡ്വ. ജോസി സേവ്യര്‍, ജനറല്‍ കണ്‍വീനര്‍ ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, തദേവൂസ് ആന്റണി, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, യുഗേഷ് പുളിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. ചീഫ് കോ -ഓര്‍ഡിനേറ്റര്‍ സാബു ജോസ്, കോ-ഓര്‍ഡിനേറ്റര്‍മാരായ ജൂഡ്‌സണ്‍ എം.എക്‌സ്, ഡൊമിനിക് ആശ്വാസാലയം, പീറ്റര്‍ കെ ജെ, വി. റോണ റിവേര, ഉമ്മച്ചന്‍ ചക്കുപുരക്കല്‍ എന്നിവര്‍ കാരുണ്യസന്ദേശയാത്രയ്ക്ക് നേതൃത്വം നല്‍കുന്നു.
വഴിയോരങ്ങളില്‍ കണ്ടെത്തുന്ന അനാഥരായ സഹോദരങ്ങളെ കുളിപ്പിച്ച് പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ച് സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കുവാന്‍ ജൂഡ്‌സണ്‍ എം എക്‌സിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ പ്രേഷിതസംഘത്തിന്റെ മൊബൈല്‍ ബാത്ത് ടീം, അടിയന്തിര സാഹചര്യത്തില്‍ അര്‍ഹതയുളളവരെ ചികിത്സാകേന്ദ്രങ്ങളില്‍ എത്തിക്കുവാന്‍ ഓച്ചംതുരുത്ത് റോസറി ഫെല്ലോഷിപ്പിന്റെ ഡയറക്ടര്‍ പീറ്റര്‍ കെജെയുടെ നേതൃത്വത്തില്‍ ആമ്പുലന്‍സ്് മെഡിക്കല്‍ ടീം എന്നിവരും കാരുണ്യ യാത്രാ സംഘത്തോടൊപ്പം അനുഗമിക്കുന്നു.
ആവശ്യമുളളവര്‍ക്ക് നല്‍കാന്‍ ഭക്ഷണം, വസ്ത്രം, കുടിവെളളം എന്നിവയും കാരുണ്യവാഹനത്തില്‍ ഉണ്ട്. ജാതി മതഭേദമെന്യേ, ജീവകാരുണ്യപ്രസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്യുന്നു. “ദൈവത്തിന്റെ മുഖം സ്‌നേഹവും കരം കാരുണ്യവുമാണ”്എന്നതാണ് ഈ യാത്രയുടെ മുഖ്യ സന്ദേശമെന്ന് ചീഫ് കോ -ഓര്‍ഡിനേറ്റര്‍ സാബു ജോസ് അറിയിച്ചു. 11 ഘട്ടങ്ങളിലായി 14 ജില്ലകളിലെ 31 രൂപതാതിര്‍ത്തിക്കുളളിലെ വിവിധ കാരുണ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നു. മുന്നു ദിവസത്തെ തീരദേശ യാത്രയില്‍ അമ്പതോളം കാരുണ്യസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നു.


  NEWS PHOTOS
 
Footer