header
Welcome to KCBC Official Website
Untitled Document
NEWS
ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത, സമുദായ സംഘടനകളുടെയും പങ്ക

വിഷയത്തെക്കുറിച്ച് പിഒസിയില്‍ നടന്ന ചര്‍ച്ചാസമ്മേളനം കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. രാഷ്ട്രിയപ്പാര്‍ട്ടികളും സര്‍ക്കാരുകളും വ്യക്തികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥിതി ഉണ്ടാവരുത്. നീതിനിഷേധം ചൂണ്ടിക്കാട്ടാന്‍ സമുദായ സംഘടനകള്‍ക്ക് ചുമതലയും അവകാശവുമുണ്ട്. എന്നാല്‍ കക്ഷിരാഷ്ട്രിയത്തില്‍ നേരിട്ടുള്ള ഇടപെടലുകള്‍ മത സംഘടനകള്‍ക്ക് ഭൂഷണമല്ല. രാഷ്ട്രിയത്തില്‍ ധാര്‍മികതയുടെയും മൂല്യങ്ങളുടെയും ആശയങ്ങള്‍ നല്‍കാനും സാമൂഹ്യനിര്‍മിതിയില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും മത, സമുദായ സംഘടനകള്‍ക്കു സാധിക്കും. സങ്കുചിതമായ താത്പര്യങ്ങളേക്കാള്‍ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പൊതുവായ ക്ഷേമമാണ് മതങ്ങളും സമുദായ സംഘടനകളും ലക്ഷ്യമാക്കേണ്ടതെന്നും ഫാ. വള്ളിക്കാട്ട് പറഞ്ഞു.
കെസിബിസി ഐക്യ ജാഗ്രതാകമ്മീഷനും കെസിബിസി സെക്രട്ടറിയേറ്റും സംയുക്തമായി സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനത്തില്‍ രാഷ്ട്രീയ നിരീക്ഷകന്‍ പി. പി. ജെയിംസ് വിഷയാവതരണം നടത്തി. രാഷ്ട്രിയപ്പാര്‍ട്ടികള്‍ ജനാധിപത്യക്രമത്തിന്റെ മുഖമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രിയപ്പാര്‍ട്ടികള്‍ക്കുണ്ടാവുന്ന അപചയം ജനാധിപത്യത്തിനുണ്ടാകുന്ന അപചയമാണ്. പാര്‍ട്ടികളില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെടുന്ന സ്ഥിതി ഇന്നുണ്ടെന്നതു വസ്തുതയാണ്. ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകാന്‍ ജനാധിപത്യ, മതേതര ആദര്‍ശങ്ങളില്‍ അടിയുറച്ചു നീങ്ങാന്‍ രാഷ്ട്രിയപ്പാര്‍ട്ടികള്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഒരു സമൂഹത്തെയും അടിച്ചമര്‍ത്താനാവില്ലെന്നും എല്ലാ സമൂഹങ്ങളെയും സംരക്ഷിക്കാനുള്ള ബാധ്യത ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രഫ. കെ. വി. തോമസ് എം.പി പറഞ്ഞു.
രാഷ്ട്രിയപ്പാര്‍ട്ടികള്‍ മതത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്നും മത, സമുദായ സംഘടനകള്‍ക്കു രാഷ്ട്രിയത്തില്‍ അഭിപ്രായം പറയാമെങ്കിലും രാഷ്ട്രിയത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കരുതെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് പറഞ്ഞു.
ജനങ്ങളുടെ വികസനവും സമാധാനവും പരപ്‌സര പൂരകമാണെന്നും സമാധാനത്തിനു തുരങ്കം വയ്ക്കുന്ന യാതൊന്നും ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും ഇതിനു വിരുദ്ധമായ പ്രചാരവേലകളില്‍ കഴമ്പില്ലെന്നും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു.
റവ. ഡോ. വിന്‍സെന്റ് കുണ്ടുകുളം മോഡറേറ്ററായിരുന്നു. ജാതീയമായും വര്‍ഗീയമായും ചിന്തിക്കുന്ന അവസ്ഥ ജനങ്ങളില്‍ വര്‍ധിച്ചുവരുന്നതിന്റെ അടിസ്ഥാനം സാമ്പത്തികമാണ്. ജാതി സംവരണത്തേക്കാള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ പൗരന്മാര്‍ക്കും സംവരണം നടപ്പാകുന്ന സ്ഥിതിയുണ്ടായാല്‍ ഇത്തരം ഇത്തരം വിഭാഗീയതയ്ക്ക് ഒരളവുവരെ പരിഹാരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മനുഷ്യന്റെ തുല്യത ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രിയദര്‍ശനം ഇല്ലാത്തതിനാലാണു വര്‍ഗീയ രാഷ്ട്രിയം ശക്തിപ്രാപിക്കുന്നതെന്നു റവ. ഡോ. പോള്‍ തേലക്കാട്ട് ചര്‍ച്ചകള്‍ വിലയിരുത്തി അഭിപ്രായപ്പെട്ടു.
കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍ CST, കെസിസി സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.


  NEWS PHOTOS
 
Footer