header
Welcome to KCBC Official Website
Untitled Document
NEWS
കേരള കാത്തലിക് ഫെഡറേഷന്‍

മദ്യവര്‍ജനമാണ് നയം എന്ന് പറയുന്നത് ജനവഞ്ചനയും കാപട്യവുമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ജനഹിതാനുസരണമുള്ള മദ്യനയമാണ് ജനനന്മയ്ക്കുവേണ്ടിയും നാടിന്റെ വികസനത്തിനുവേണ്ടിയും നിലകൊള്ളുന്നവര്‍ പ്രഖ്യാപിക്കേണ്ടത്. മദ്യവര്‍ജനം എന്നത് ഒരു നയമല്ല. അത് ഓരോ വ്യക്തിയും വ്യക്തിപരമായി എടുക്കേണ്ട തീരുമാനമാണ്. മദ്യനിയന്ത്രണവും മദ്യനിരോധന നടപടികളുമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. യു.ഡി.എഫ് സര്‍ക്കാരിന്റേത് ഘട്ടംഘട്ടമായ സമ്പൂര്‍ണ മദ്യനിരോധനം എന്ന നയമാണ്. ഈ നയം തുടരുമോ ഇല്ലയോ എന്നാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വ്യക്തമാക്കേണ്ടത്. മദ്യനയത്തില്‍ അവ്യക്തതപാടില്ല. അടച്ച ബാറുകള്‍ തുറക്കുവാന്‍ തക്ക നയങ്ങള്‍ ഇനി ആവിഷ്‌കരിക്കപ്പെടുമൊ എന്നാണ് വ്യക്തമാക്കപ്പെടേണ്ടത്.
കേരളത്തിലെ പൊതുസമൂഹം സന്തോഷത്തോടെ സ്വീകരിച്ച മദ്യനയത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിച്ചു തുടങ്ങിയ ഈ സമൂഹത്തെ വീണ്ടും മദ്യരാജാക്കന്‍മാര്‍ക്ക് തീറെഴുതാന്‍ അനുവദിക്കില്ല. മദ്യവര്‍ജനം എന്ന കാപട്യം പൊതു സമൂഹം തിരിച്ചറിയുന്നുണ്ട്. മദ്യവ്യവസായികളുടെ താത്പര്യമല്ല ജനപക്ഷ, ജനക്ഷേമകരമായ നയമാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടത്. നയം ആവിഷ്‌കരിക്കുമ്പോള്‍ അത് ജനഹിതം പ്രതിഫലിപ്പിക്കുന്നതാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട്. ബാറു ഉടമകള്‍ക്കു വേണ്ടി മദ്യനയം അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ശക്തമായ സമരപ്രക്ഷോഭങ്ങള്‍ക്ക് കെസിബിസി മദ്യവിരുദ്ധ സമിതി നേതൃത്വം നല്കും.
കെസിബിസി മദ്യവിരുദ്ധസമിതി കെസിബിസിയുടെ കാഴ്ചപ്പാട് ഇടതു-വലതുപക്ഷ നേതാക്കളെ അറിയിക്കും. പ്രകടപത്രികകളില്‍ എല്ലാ പാര്‍ട്ടികളും മദ്യനയം പ്രഖ്യാപിക്കണം. മദ്യരഹിത സമൂഹത്തിന്റെ നന്മകള്‍ ജനങ്ങളിലെത്തിക്കാന്‍ പരിപാടികള്‍ സംഘടിപ്പിക്കാനും സമിതി തീരുമാനിച്ചു. പത്രസമ്മേളനത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, സമിതി ജനറല്‍ സെക്രട്ടറി ഫാ. റ്റി.ജെ. ആന്റണി, പ്രോഗ്രാം സെക്രട്ടറിമാരായ അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള എന്നിവരും പങ്കെടുത്തു.


  NEWS PHOTOS
 
Footer